top of page
  • Writer's pictureSunil titto

ചൈനയിലെ ക്രിസ്ത്യൻ പള്ളി

Updated: Dec 17, 2019

ഭാഗം -2 ഒരു മലയാളിയുടെ ചൈനീസ് മാനിഫെസ്റ്റോ


മൂർ മെമ്മോറിയൽ ചർച്


പഴമയുടെപാരമ്പര്യവും,ആധുനികനിര്മിതികളായ അംബരചുംബികളാലും നിറഞ്ഞ നഗരമാണ് ഷാങ്ങ്ഹായ്. അഞ്ചേക്കറോളമുള്ള, പതിനാറാം നൂറ്റാണ്ടിൽ മിങ് ഭരണ കാലത്ത് നിർമിക്കപ്പെട്ട യു ഗാർഡൻ, ഷാങ്ഹായിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് . കറുപ്പ് യുദ്ധ സമയത്ത് പല പ്രാവശ്യങ്ങളിലായി തകർക്കപ്പെട്ട യുവാൻ ഗാർഡൻ കോംപ്ലക്സിൽ, ചരിത്രത്തിന്റെ അവശേഷിപ്പുകളുമായി ഒരുപാട് കെട്ടിടങ്ങളുണ്ട്. ഇരുനൂറു വർഷത്തിലധികം പഴക്കമുള്ള ടീ ഹൌസ്, ജയ്‌ഡ്‌ റോക്ക്‌ , നിരവധി വാണിജ്യ സ്ഥാപനങ്ങൾ ഭക്ഷണശാലകൾ എന്നിവയെല്ലാം ഈ കോംപ്ളക്സിനകത്തുണ്ട്. ഇതിനകത്തുള്ള ഇടനാഴിയുടെ രണ്ടു വശങ്ങളിലുമുള്ള കാഴ്‌ചകൾ കണ്ടുകൊണ്ടു നടന്നു നീങ്ങി. വഴിയരികിൽ, തുർക്കിഷ് ഐസ് ക്രീം കച്ചവടക്കാരൻ, വേഗമേറിയ ചലനങ്ങൾ കൊണ്ട് നൽകുന്ന ഐസ്ക്രീം കൊണ്ട് ചില പൊടിക്കൈകൾ കാണിക്കുന്നു. കോലിൽ കുത്തി നിരത്തി വെച്ചിരിക്കുന്ന കണവകളെ , ഓർഡറനുസരിച്ചെടുത്തു പാചകം ചെയ്യുന്ന വഴിയോര പാചകക്കാരൻ , പേരറിയാത്ത പേസ്റ്റ് പോലുള്ള സാധനം കുഴച്ചു ഉരുളകളാക്കി വെക്കുന്ന ചൈനീസ് ചേച്ചി - ചൈനീസ് ഭക്ഷണ വൈവിധ്യത്തിന്റെ ചെറിയൊരു മുഖം യുവാൻ ഗാർഡനകത്തു കൂടെയുള്ള നടപ്പിൽ കാണാൻ കഴിഞ്ഞു.

ആകാശം പതിയെ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. യുവാൻ ഗാർഡനിലെ കാഴ്ചകൾ കണ്ടു മതിയാക്കി ഞാൻ പുറത്തിറങ്ങി. അധികം അകലെയല്ലാതെ ഷാങ്ങ്ഹായ് ടവറും, ഓറിയന്റൽ പേരിൽ ടവറും കാണാം. ഹുയാങ്പോ നദിയുടെ തീരത്തോട് ചേർന്നു നീണ്ടു കിടക്കുന്ന പാരമ്പര്യത്തിന്റെ പ്രൗഢിയോതുന്ന വീഥിയാണ് ബണ്ട്. ബുർജ് ഖലീഫ കഴിഞ്ഞാൽ രണ്ടാമത്തെ ഉയരം കൂടിയ ബിൽഡിംഗ് ആയ ഷാങ്ങ്ഹായ് ടവർ, (632 mtrs), ഷാങ്ങ്ഹായ് വേൾഡ് ഫിനാൻഷ്യൽ ടവർ (492 mtrs), ഓറിയന്റൽ പേൾ ടവർ (468 mtrs), ജിൻ മാവോ ടവർ (420mtrs) തുടങ്ങി അംബരചുംബികളാൽ നിറഞ്ഞ പ്രദേശമാണ് ബണ്ടിന് മറുകരയിലുള്ള ല്യൂജിയാസുയി ഫിനാൻഷ്യൽ ഡിസ്‌ട്രിക്‌ട് .


ബണ്ടിന്റെ രാത്രികാല ദൃശ്യം


ബണ്ടിനോട് ചേർന്ന് വളരെ വിശാലമായ ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ ഉണ്ട്. ഇനിയുള്ള നടത്തം, ഇവിടെ കയറി വിവരങ്ങൾ അന്വേഷിച്ചിട്ടു മതിയെന്ന് തീരുമാനിച്ചു. ഷാങ്ങ്ഹായെ പറ്റിയുള്ള എല്ലാ വിവരങ്ങളും , ടൂറിസ്റ്റ് മാപ്പും , മറ്റു ബുക്‌ലെറ്റുകളും ടൂറിസ്റ്റുകൾക്കായി ലഭ്യമാണ്. കിട്ടാവുന്നിടത്തോളം വിവരങ്ങളെല്ലാം അടങ്ങുന്ന ഡോക്യൂമെന്റുകൾ അവിടെ നിന്ന് ശേഖരിച്ചു. ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ വിവരം നൽകാൻ നിൽക്കുന്നവർക്ക് പോലും ചൈനീസ് അല്ലാതെ മറ്റു ഭാഷകൾ വശമില്ല. പക്ഷെ കൈയിൽ ഒരു കിടു ട്രാൻസ്ലേറ്റർ ഡിവൈസ് ഉണ്ട്. എല്ലാ പ്രധാനപ്പെട്ട ഭാഷകളും കൃത്യതയോടെ പരിവർത്തനം ചെയ്തു നൽകും. ബണ്ടിലെ പ്രധാന ആകർഷണമായ നദിയിലൂടെ ഉള്ള ക്രൂയിസ് ടിക്കറ്റുകളും ഇവിടെ കിട്ടും 120 യുവാൻ ( 1300 ഇന്ത്യൻ രൂപ) ആണ് ചാർജ്. നദിയിലൂടെ, ബണ്ടിനിരുവശവും പ്രകാശ പ്രഭാ പൂരിതമായ കാഴ്ച നയന സുന്ദരമാണ് .

ഓറിയന്റൽ പേൾ ടവറും , ഷാങ്ങ്ഹായ് ടവറും വെളിച്ചത്തിൽ കുളിച്ച മറ്റു അംബരചുംബികളെയുമെല്ലാം കണ്ടു ,ക്രൂയിസിൽ നിന്നിറങ്ങി ബുൻഡിലും പരിസര പ്രദേശങ്ങളിലും കുറെ നേരം കറങ്ങി നടന്നു. തണുപ്പ് കൂടി വരുന്നു. സമയം 11 മണി കഴിഞ്ഞിരിക്കുന്നു. റോഡിലും പരിസരങ്ങളിലും നല്ല തിരക്ക്. മെയ് 1, ചൈനക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ട അവധി ദിവസമാണ്. അടുത്ത് കണ്ട ചൈനീസ് റസ്റ്റോറന്റിൽ കയറി ഭക്ഷണവും കഴിച്ചു ഉറങ്ങാത്ത നഗരത്തിലെ കാഴ്ചകൾക്ക് ആ ദിവസത്തേക്ക് വിരാമമിട്ടു.


യുവാൻ ഗാർഡൻ


മെയ് - 1 രാവിലെ തന്നെ കറങ്ങാൻ തുടങ്ങി .ഹോട്ടൽ ചെക്ക് ഔട്ട്ചെയ്തു. മുൻ നിച്ഛയ പ്രകാരം ഇന്ന് കൂടി ഷാങ്ഹായിൽ ആണ് താമസം; അതിനു ശേഷം സുഹൃത്തായ ഷിജുവിന്റെ തട്ടകത്തിലേക്ക്;ടെക്സ്റ്റൈൽ സിറ്റി എന്നറിയപ്പെടുന്ന ഷാവോക്സിങ് , ഷാങ്ഹായിയിൽ നിന്ന് ഇരുനൂറ്റി അൻപത് കിലോമീറ്ററുകൾ ദൂരമുണ്ട്

പൊതു അവധി ദിനം ആയതുകൊണ്ട് തന്നെ ഹോട്ടലുകളിൽ എല്ലാം വൻ തിരക്കും , ഒടുക്കത്തെ ചാർജും. 2500 രൂപക്ക് തലേന്നു ബുക്ക് ചെയ്ത ഹോട്ടലിന് ഇന്ന് റേറ്റ് 7500 രൂപ !!!. തുടർന്നുള്ള താമസങ്ങൾ ഹോസ്റ്റലുകളിൽ ആക്കാൻ തീരുമാനിച്ചു. സോളോ യാത്രകൾക്ക് ഇപ്പോഴും ഏറ്റവും നല്ല ഓപ്‌ഷൻ ഹോസ്റ്റലുകൾ ആണ് . രാത്രിയിൽ തല ചായ്ക്കാനൊരിടം , മനോഹരമായ തീം ഉള്ള കഫ്റ്റീരിയകൾ ; വൈകിട്ട് അലച്ചിലുകൾ ഒക്കെ കഴിഞ്ഞു ഒരുബിയറും നുണഞ് ,വിവിധ രാജ്യങ്ങളിൽ നിന്നും വന്നു ചേരുന്ന യാത്രികരെ പരിചയപ്പെടാനും ഇടപഴകാനും പറ്റിയ സ്ഥലം, എല്ലാത്തിനുമുപരി തുച്ഛമായ ബഡ്ജറ്റ് - ഉറങ്ങാൻ തനിച്ചൊരു റൂം വേണം എന്ന് നിര്ബന്ധമില്ലാത്തവർക്ക് , ഹോസ്റ്റലുകളോളം സൗകര്യപ്രദവും കീശക്കൊതുങ്ങുന്നതുമായ ഓപ്‌ഷൻ വേറെയില്ല .

ഒരുപാട് തിരച്ചിലുകൾക്ക് ശേഷം എണ്ണൂറു രൂപക്ക് അത്യാവശ്യം നല്ല ഒരു ഹോസ്റ്റലിൽ താമസം ബുക്ക് ചെയ്തു. മെട്രോ ട്രെയിൻ സൗകര്യമുള്ള നഗരങ്ങളിൽ റൂം ബുക്ക് ചെയ്യുമ്പോൾ, സ്റ്റേഷനുകൾക്ക് അടുത്തുള്ള താമസം തെരഞ്ഞെടുത്താൽ , നഗരത്തിനകത്തുള്ള യാത്രകൾ വളരെ സൗകര്യപ്രദമായിരിക്കും. എന്നത്തേയും പോലെ , സിറ്റി സെന്ററിൽ നിന്നും കുറച്ചു ദൂരെയെങ്കിലും ത്സോക്സിങ് മെട്രോ സ്റ്റേഷനടുത്തുള്ള ഹോസ്റ്റലിൽ താമസം ബുക്ക് ചെയ്തു. ബാഗുകൾ ഒക്കെ ഹോട്ടൽ ലോക്കറിൽ സൂക്ഷിച്ചു കറക്കം തുടങ്ങി.. നാൻജിങ് സ്ട്രീറ്റിൽ മുഴുവൻ തിരക്കായി കഴിഞ്ഞിരിക്കുന്നു. ഈസ്റ് നാൻജിങ് സ്ട്രീറ്റ് നേരെ രണ്ടു കിലോമീറ്ററുകളോളം നടന്നാൽ പീപ്പിൾസ് സ്ക്വായറിൽ എത്താം. ഷാങ്ങ്ഹായ് മ്യൂസിയം, പീപ്പിൾസ് പാർക് , ഷാങ്ങ്ഹായ് പീപ്പിൾസ് ഗവണ്മെന്റ് (മുനിസിപ്പൽ ഹെഡ് ഓഫീസ് എന്നും പറയാം ) അടങ്ങിയ അതിമനോഹരമായ ബൃഹത് സമുച്ചയമാണ് പീപ്പിൾസ് സ്‌ക്വയർ.


ഷാങ്ങ്ഹായ് മ്യുസിയം


ചൈനയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമായ ഷാങ്ങ്ഹായ് മ്യൂസിയത്തിൽ കയറാൻ തീരുമാനിച്ചു. അവധി ദിനമായതിനാൽ വളരെ നീണ്ട ക്യൂ; ചൈനയിൽ രണ്ടു ദിവസമായി സെലിബ്രെറ്റി പരിവേഷമാണ് എനിക്ക് ( അല്ലെങ്കിൽ കോമാളി പരിവേഷമോ ?) - ചൈനക്കാരെക്കാളും വെത്യസ്തനായ മനുഷ്യനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ ഈ നടത്തത്തിനിടയിൽ പലപ്പോഴായി ആളുകൾ സമീപിച്ചു. ഇംഗ്ലീഷ് ഒട്ടും വശമില്ലാത്ത മാതാ പിതാക്കൾ, താങ്കളുടെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കാൻ, എന്റെയടുത്തേക്ക് നിർബന്ധിച്ചു സംസാരിക്കാൻ പറഞ്ഞു വിടുന്നു . ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നുള്ളത് ഒരു പോരായ്മായായി ചൈനീസ് ജനതക്ക് തോന്നുന്നുണ്ടെന്നു തോനുന്നു , വളർന്നു വരുന്ന കുട്ടികളെയെല്ലാം ഇംഗ്ലീഷ് നിർബന്ധമായും പഠിപ്പിക്കാൻ ശ്രേമിക്കുന്നുണ്ട്. ഹോസ്റ്റലിൽ വെച്ച് കണ്ട അയർലൻഡ് കാരിയായ , ചൈനയിൽ ജോലി വിസയിൽ വന്നു ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചറും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്.

അര മണിക്കൂറുകളോളം , അടുത്ത് കണ്ട കുട്ടികളോട് ഇടപഴകിയും ചൈനീസ് ബൈദു ട്രാൻസ്ലേറ്റർ ഉപയോഗിച്ചു സംസാരിച്ചുമൊക്ക മ്യൂസിയത്തിനകത്തു കയറി പറ്റി. മൂന്നു നിലകളുള്ള വിശാലമായ മ്യൂസിയം. ചൈനീസ് സംസ്കൃതിയും ചരിത്രവും വിശദമാക്കുന്ന ഷാങ്ങ്ഹായ് മ്യൂസിയം, ചരിത്രാന്യോഷികൾ , തീർച്ചയായും സന്ദർശിക്കേണ്ടയിടമാണ്. രണ്ടു മണിക്കൂറുകളോളം ചൈനയുടെ സംസ്‌കൃതിയുടെ സഞ്ചരിച്ചു , പുറത്തേക്കിറങ്ങി.

മ്യൂസിയത്തിന്റെ പുറത്തേക്കുള്ള വാതിലിനപ്പുറം, വിശാലമായ പീപ്പിൾസ് ഗവൺമെന്റ് സമുച്ചയവും, പീപ്പിൾസ് പാർക്കുമാണ്. പീപ്പിൾസ് പാർക്കിൽ കുറച്ചു സമയം ചെലവഴിക്കാൻ വേണ്ടി അകത്തേക്ക് കയറാൻ തുടങ്ങുമ്പോളാണ് , ചൈനയെ പറ്റി പുറത്തുള്ള മാധ്യമങ്ങളും മറ്റും പ്രചരിപ്പിക്കുന്ന നുണക്കഥയുടെ സത്യാവാസ്‌ഥ മനസ്സ്സിലാക്കുന്നൊരു കാഴ്ച കണ്ടത്. പാർക്കിന്റെ മെയിൻ ഗേറ്റിനു സമാന്തരമായുള്ള റോഡിൻറെ മറുവശത്തു ഒരു കെട്ടിടത്തിന് മുകളിൽ കുരിശ്..!!!. അതൊരു ക്രിസ്ത്യൻ പള്ളിയായിരുന്നു. മൂർ മെമ്മോറിയൽ ചർച് ആണെന്ന് പിന്നീട് അന്യോഷിച്ചപ്പോൾ മനസ്സിലായി . ആയിരത്തിലധികം വിശ്വാസികൾ കുർബാന കൂടുന്ന ക്രിസ്ത്യൻ പളളി ; രണ്ടു കോടിക്ക് മുകളിൽ ജനസംഖ്യ ഉള്ള ഷാങ്ഹായിൽ ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്ന രണ്ടു ലക്ഷത്തോളം പേരുണ്ട്. മുപ്പതിലധികം ക്രിസ്ത്യൻ പള്ളികളും ഷാങ്ഹായി നഗരത്തിലുണ്ട് .

ഏഴായിരത്തോളം മുസ്‌ലിം മത വിശ്വാസികളും , ഏഴു മുസ്ലിം പള്ളികളും ഷാങ്ഹായി നഗരത്തിലുണ്ട്. കൂടാതെ , ചൈനയിലെ മത വൈവിധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിൻജിയാങ് പ്രവിശ്യ . 45 %ഓളം പേര് തുർക്കിയിൽ നിന്ന് കുടിയേറിയ മുസ്ലിം മതവിശ്വാസികളായ ഉയ്‌ഖുർ വംശജരാണ് .സിനിമാനടൻ ശ്രീനിവാസൻ പറഞ്ഞു വെച്ചിരിക്കുന്നപോലെ , ചൈനയിലെ കമ്മ്യൂണിസ്റ് അംഗ സംഖ്യ 45 ലക്ഷം അല്ല, പത്തു കോടിക്കടുത്താണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. മുതലാളിത്തവും, മതങ്ങളും ഒരുമിച്ചു സംയോജിപ്പിച്ചു നൂറ്റി നാല്പതു കോടിയോളം ജനങ്ങളെ ഭരിക്കുക എന്നത് ഒരു കമ്മ്യൂണിസ്റ് - സോഷ്യലിസ്റ് വ്യവസ്ഥിതിയിൽ ലോകത്തിനു കാണിച്ചു തരികയാണ് ചൈന - ഇവിടെ ഇനിയും ഒരുപാട് കാഴ്‌ചകൾ ബാക്കി


(To be continued)


0 comments
bottom of page