top of page
  • Writer's pictureSunil titto

ഒരുമലയാളിയുടെ ചൈനീസ് മാനിഫെസ്റ്റോ -വന്മതിലിന്റെയും ഡ്രാഗണുകളുടെയും നാട്ടിലേക്ക്


Oriental Pearl tower

ഏപ്രിൽ 30 രാവിലെ 5.30 ന് ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് പറന്നിറങ്ങുമ്പോൾ ആകാശം മേഖാവൃതമായിരുന്നു . സംഭവബഹുലമായ ചൈനാ യാത്ര ഇവിടെ നിന്നും ആരംഭിക്കുകയായി.


എമിഗ്രേഷൻ ഒക്കെ പൂർത്തിയാക്കി ലഗേജും കളക്ട് ചെയ്തു പുറത്തിറങ്ങി. പുതിയ നഗരം- പരസ്പരം ആശയം കൈമാറാൻ ഭാഷ അറിയാത്ത ആൾക്കാരാണ് ചുറ്റിലും. ഷാങ്ങ്ഹായ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ നാൻജിങ് സ്ട്രീറ്റിനടുത്താണ് ഹോട്ടൽ ബുക്ക് ചെയ്തിരുന്നത്. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് ഏകദേശം മുപ്പത് കിലോമീറ്ററുകളോളം ദൂരം ഉണ്ട്. ഈ യാത്രയിൽ ടാക്സി ഉപയോഗിക്കുകയെ ഇല്ല എന്നത് എന്റെ സ്വകാര്യ വാശിയായിരുന്നു. പറ്റാവുന്നിടത്തോളം ചെലവുകൾ ഒഴിവാക്കണം എന്ന എന്ന നിർബന്ധവും.

എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിൽ കയറാനുള്ള അതിമോഹം കാരണം, ഹോട്ടലിലേക്കുള്ള യാത്ര പ്ലാൻ ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു - പുഡോങ് എയർപോർട്ടിൽ നിന്നും പുറപ്പെടുന്ന ബുള്ളെറ്റ് ട്രെയിനിൽ കയറി അഞ്ഞൂറ് രൂപയുടെ ടിക്കറ്റ് എടുത്ത് എട്ടു മിനിറ്റുകൾ കൊണ്ട് അടുത്ത സ്റ്റേഷനായ ലോങ്യാങ് റോഡിൽ പോയി ഇറങ്ങുന്നു . അവിടെ നിന്നും മെട്രോ ട്രെയിനിലേക്ക് മാറി കയറി ഈസ്റ്റ് നാൻജിങ് മെട്രോ സ്റ്റേഷനിൽ പോയി ഇറങ്ങി, സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടലിൽ എത്തിച്ചേരുന്നു. ഈ പ്ലാനും മനസ്സിൽ വെച്ച് എയർപോർട്ട് മെട്രോ സ്റ്റേഷന് ചേർന്നുള്ള മാഗ്ലെവ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ ഞാൻ എത്തി. ബുള്ളറ്റ് ട്രെയിനുകൾക്കുള്ള ടിക്കറ്റുകൾ മിക്കവാറും ഓൺലൈനിൽ തന്നെ വിറ്റു തീരുമെങ്കിലും സ്റ്റാൻഡിങ്ങിൽ യാത്ര ചെയ്യാം എന്നായിരുന്നു പ്ലാൻ. ഇതുവരെയും ട്രാൻസ്ലേറ്റർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്ത ഞാൻ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ പുറത്തു കാവൽ നിൽക്കുകയായിരുന്ന സെക്യൂരിറ്റിയോട് എങ്ങനെയൊക്കെയോ ലോങ്യാങ് സ്റ്റേഷനിൽ പോകണം എന്ന് പറഞ്ഞൊപ്പിച്ചു. കരുണാമയനായ ആ സെക്യൂരിറ്റി കൂടെ വരൂ എന്നാഗ്യം കാണിച്ച്‌ എനിക്ക് മുൻപേ നടക്കാൻ തുടങ്ങി. ആ നടത്തത്തിൽ അപ്പോൾ തന്നെ എനിക്കൊരു പന്തികേട് തോന്നി- കാരണം, ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ സൈൻ ബോർഡ് മുൻപിൽ കൂടെ വിപരീത ദിശയിൽ അകന്നു പോകുന്നത് എനിക്ക് കാണാമായിരുന്നു. എങ്കിലും സെക്യൂരിറ്റി അല്ലെ ,ആളുടെ അത്ര അറിവ് എനിക്കുണ്ടാകുമോ എന്ന ചിന്തയിൽ പുള്ളിയുടെ പുറകെ ഞാനും വെച്ച് പിടിച്ചു. ഒരു എമർജൻസി എക്സിറ്റ് ഡോർ വഴി എന്നെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഒരു പാർക്കിങ് ബേയിൽ എത്തിച്ചു . പ്ലാറ്റ്‌ഫോം -5 എഴുതിയിരിക്കുന്ന ബസ് സ്റ്റോപ്പിൽ വെച്ചു പുള്ളിക്കാരൻ എന്നോട് കൈകൊണ്ട് മുദ്രകൾ കാണിച്ചു പറഞ്ഞ കാര്യം ഇതാണെന്നു മനസ്സിലായി - "ബുള്ളറ്റ് ട്രെയിൻ - 50 യുവാൻ, ബസ് - 5 യുവാൻ ".. എന്റെ സെക്യൂരിറ്റീ നീ ചതിച്ചല്ലോ " ബുള്ളറ്റ് ട്രെയിനിൽ പോകണമെന്ന് ഈ മറുതായൊട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കെടാ " എന്ന ഭാവത്തിൽ ഞാൻ നിൽക്കുമ്പോഴേക്കും പുള്ളി തിരിച്ചു ട്രെയിൻ സ്റ്റേഷനിലേക്ക് നടന്നു കഴിഞ്ഞിരുന്നു.



അപ്പടിയാ - എന്നാ എന്ത് വന്നാലും ബുള്ളറ്റ് ട്രെയിനിൽ കയറിയിട്ടെ ഉള്ളൂ എന്ന വാശിയിൽ ഞാനും , സെക്യൂരിറ്റി കണ്ണിൽ നിന്നും മറഞ്ഞ ഉടനെ സ്റ്റേഷനിലേക്ക് വലിച്ചു പിടിച്ചു. സ്റ്റേഷനിലേക്ക് ഇറങ്ങു്ന്ന ലിഫ്റ്റിന്റെ അടുത്തെത്തി, ആ സെക്യൂരിറ്റി എന്നെ കാണുന്നുണ്ടോ എന്ന് നാല് പാടും നോക്കി ലിഫ്റ്റിൽ കയറാൻ തയ്യാറെടുക്കുമ്പോൾ - അതാ പുള്ളി പിന്നെയും മുൻപിൽ . അന്തം കണ്ട പെരുച്ചാഴിയെ പോലെ നാലുപാടും കണ്ണ് പരതി നിൽക്കുമ്പോ ടിയാൻ ചൈനീസിൽ എന്തൊക്കെയോ ദേഷ്യത്തിൽ എന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു . വിരൽ ചൂണ്ടി പുറത്തേക്ക് കാണിച്ചു പുള്ളി ആക്രോശിച്ചിട്ടുണ്ടാവുക " പോയിനെടാ നന്മകനെ" എന്നാണെന്നു ഞാൻ സ്വയം അങ്ങ് മനസ്സിലാക്കി. ഇനി ഏതായാലും ബുള്ളറ്റ് ട്രെയിൻ വേണ്ട. അതിനിനിയും സമയമുണ്ടല്ലോ എന്ന് സമാധാനിച്ചു ബസ് സ്റ്റോപ്പിലേക്ക് തന്നെ തിരിച്ചു നടന്നു.

ഉറക്കമില്ലാതെയുള്ള രാത്രിയിലെ ഫ്ലൈറ്റ് യാത്രയുടെ മന്ദത തലക്ക് ബാധിച്ചു തുടങ്ങിയിരുന്നു. ലോങ്യാങ്ലേക്കുള്ള ബസ്സിൽ കയറി , ഏകദേശം എട്ടു മണിയോടെ മെട്രോ സ്റ്റേഷനിലെത്തി. ഉറക്കത്തിന്റെ ആലസ്യത്തിൽ മെട്രോ സ്റ്റേഷനിൽ വെച്ചതാ വീണ്ടും അടുത്ത അബദ്ധം. നാൻജിങ് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്ത ഞാൻ ദിശാ സൂചികകൾ പോലും നോക്കാതെ തിരിച്ചു പുഡോങ് എയർപോർട്ടിലേക്കുള്ള ട്രെയിനിൽ തന്നെ കയറുന്നു. അഞ്ചോ ആറോ സ്റ്റേഷനുകൾ കഴിഞ്ഞപ്പോളാണ് പറ്റിയ അബദ്ധം മനസ്സിലായത്. ദിശാ ബോധത്തെ പറ്റിയുള്ള അതിരു കവിഞ്ഞ എന്റെ ആത്മവിശ്വാസത്തിന്റെ കടക്കലാണ് ചൈനീസ് മെട്രോ യാത്ര കത്തി വെച്ചിരിക്കുന്നത്. അബദ്ധത്തെ സ്വയം പഴിച്ചുകൊണ്ട് ഞാൻ അടുത്ത സ്റ്റേഷനിലിറങ്ങി എതിർ ദിശയിൽ പോകുന്ന ട്രെയിനിൽ കയറി. ആത്മവിശ്വാസത്തിന് ഇടിവ് സംഭവിക്കുന്ന കൂടുതൽ സംഭവങ്ങളൊന്നുമില്ലാതെ താമസിയാതെ ഈസ്റ്റ് നാൻജിങ് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി.


നാൻജിങ് സ്ട്രീറ്റ്


കഴിഞ്ഞ ദിവസങ്ങളിലെ മഴയുടെ അവശേഷിപ്പുകൾ പുറത്തിറങ്ങിയപ്പോൾ കാണാമായിരുന്നു. "ഷാങ്ങ്ഹായ് ഫിഷ് ഇൻ" എന്ന ഹോട്ടൽ അടുത്തെവിടെയോ ആപ്പിൾ മാപ്പിൽ കാണാനുണ്ട് . ലൊക്കേഷൻ സ്റ്റേഷന്റെ 500 മീറ്റർ പരിധിയിലാണെന്നു ബുക്ക് ചെയ്തപ്പോൾ കണ്ടിരുന്നു. അഡ്രസ് നോക്കി കണ്ടു പിടിക്കാം എന്നതാണ് അടുത്ത വഴി. ഡോർ നമ്പർ നോക്കി നടക്കാൻ തീരുമാനിച്ചു. സ്ട്രീറ്റിലെ എല്ലാ ബിൽഡിങ്ങുകളിലും ഡോർ നമ്പറുകൾ പ്രദർശിപ്പിച്ചിരിക്കുന്നു . ചൈനയിൽ യാത്രയിലുടനീളം അഡ്രസുകൾ കണ്ടു പിടിക്കാൻ വലിയ പ്രയാസങ്ങളൊന്നും നേരിട്ടിട്ടില്ല . ബിൽഡിംഗ് നമ്പറുകൾ എല്ലാ കെട്ടിടങ്ങളിലും വ്യക്തമായി പ്രദര്ശിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ വലിയ തട്ടുകേടുകളും പ്രയാസങ്ങളും കൂടാതെ ഹോട്ടലിൽ എത്തി. അവശ്യ സൗകര്യങ്ങളെല്ലാമുള്ള , നല്ല ഹോട്ടൽ. ആ ലൊക്കേഷൻ പ്രകാരം, 2500 രൂപ വളരെ നല്ല ഡീൽ ആണ്. രണ്ടു മണിക്കൂർ വിശ്രമത്തിനു ശേഷം ഷാങ്ഹായിയുടെ വിശാലതയിലേക്ക് അലിഞ്ഞു ചേരാം എന്ന തീരുമാനിച്ചു. ചെക്ക് - ഇൻ ചെയ്തു നല്ല ഒരു ഉറക്കം.


ഉച്ചയോടെ ഉറക്കം മതിയാക്കി. ഇനിയുള്ള ദിവസം പ്ലാൻ ചെയ്യണം. നാൻജിങ് സ്ട്രീറ്റ്, യുവാൻ ഗാർഡൻ , ബണ്ട്, - എല്ലാം ഹോട്ടലിനടുത്തുള്ള പ്രദേശങ്ങളാണ്. പുറത്തിറങ്ങുന്നതിന് മുൻപേ ഫോണിൽ വീ പീ എൻ ഇൻസ്റ്റാൾ ചെയ്തു. സ്ഥലങ്ങളെ പറ്റിയുള്ള ഏകദേശ ദിശാ ധാരണ മനസ്സിലാക്കി. യുവാൻ ഗാർഡൻ, ഹോട്ടലിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിലായാണ് . നാൻജിങ് സ്ട്രീറ്റ് തൊട്ടടുത്തും. ഇന്നത്തെ കാഴ്‌ചകളെല്ലാം നടന്നു കണ്ടു തീർക്കാം എന്ന് കരുതി. അടുത്തടുത്ത സ്ഥലങ്ങൾ കാണാൻ, കാൽനടയായി പോകുന്നതാണ് ഏറ്റവും നല്ല മാർഗം എന്നാണു എന്റെ അനുഭവം. ഈ യാത്രയിൽ , ഓരോ ദിവസവും ശരാശരി പത്തു കിലോമീറ്ററുകൾക്കു മുകളിൽ ദിവസേന ഞാൻ നടന്നിട്ടുണ്ട്.

പന്ത്രണ്ടു മണിയോടെ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി . മഴ തോർന്നിരിക്കുന്നു. ഇപ്പോഴും ആകാശം മേഘാവൃതമാണ്. ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഹെനാൻ മിഡിൽ റോഡ് , നാൻജിങ് റോഡിന് കുറുകെ കടന്നു പോകുന്നു. ഈ വഴി നേരെ പോയി , റെൻമിൻ റോഡിൽ വലത്തോട്ട് തിരിഞ്ഞാൽ യുവാൻ ഗാർഡനിൽ എത്താം രാവിലത്തെ ഭക്ഷണം ഒരു കാപ്പച്ചിനോയും ബിസ്കറ്റുകളും മാത്രമായിരുന്നു. നല്ല വിശപ്പ്. താമസിക്കുന്ന ഹോട്ടലിൽ ചെറിയ കോഫീ ഷോപ് മാത്രമേ ഉള്ളൂ. അടുത്ത് കണ്ട ചൈനീസ് ഷോപ്പുകളിലൊക്കെ നൂഡിൽസും, സൂപ്പുകളും മാത്രം. ചൈനീസ് ഭക്ഷണ വൈവിധ്യങ്ങൾരുചിച്ചുനോക്കാനുള്ളമൂഡിലേക്കെത്തിയിട്ടില്ലായിരുന്നതിനാൽ അടുത്ത് കണ്ട ഒരു പഴ കടയിൽ വെച്ചിരുന്ന ഫ്രൂട്ട് ബൗളിലും ചിക്കൻ സൂപ്പിലും കാര്യങ്ങൾ അഡ്ജസ്റ് ചെയ്തു. ചൈനീസ് ട്രഡീഷണൽ സൂപ്പിന്റെ പ്രത്യേകത , അതിലെ പാതി വെന്ത ഇറച്ചി കഷണങ്ങൾ കഴിക്കേണ്ടിവരുമെന്നുള്ളതാണ്. . ചില രുചികൾ , നാവിലെ രസ മുകുളങ്ങളെ ഉണർത്തിയിലെങ്കിലും , അതിന്റെ വത്യസ്തത കൊണ്ട് നമുക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു അവസ്ഥയുണ്ടല്ലോ- ആ ഒരു വികാരമായിരുന്നു എനിക്കും. വലിയ കോപ്പ നിറച്ചും വെച്ച സൂപ്പ് , ആദ്യ പകുതി വലിയ പ്രയാസമില്ലാതെ തീർത്തു . മുഴുവൻ കുടിച്ചു തീർക്കുക ഒരു സാഹസമായിരുന്നു. എന്തായാലും വിശപ്പിനൊരു താത്കാലിക ശമനമായിരിക്കുന്നു.

ഷാങ്ഹായിയുടെ പൈതൃകവും സംസ്കൃതിയും ഒപ്പം തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ എല്ലാ ആധുനികതയും വിളിച്ചെഴുതുന്ന അഞ്ചരകിലോമീറ്ററുകളോളമുളള ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഷോപ്പിംഗ് സ്ട്രീറ്റുകളിൽ ഒന്നാണ് നാൻജിങ് റോഡ്. ലോക പ്രശസ്തമായ എല്ലാ ബ്രാൻഡുകളുടെയും ഔട്ലെറ്റുകളും വലിയ മാളുകളും, ഫുഡ് ചെയിനുകളും നിറഞ്ഞ വീഥി. അതിനു കുറുകെ കടന്നു പോകുന്ന ഹെനാൻ റോഡിൻറെ നടപ്പാതയിലൂടെ എന്റെ ഷാങ്ഹായ് കാഴ്ചകൾക്ക് തുടക്കം കുറിച്ചു. വഴികളിൽ തിരക്ക് വർധിച്ചു വരുന്നു. ഇനിയുള്ള നാല് ദിവസങ്ങളിൽ ചൈനയിൽ അവധി ദിവസങ്ങളാണ്. ചൈനയിലെ ഏറ്റവും പ്രാധാന്യമേറിയ അവധി ദിവസമാണ് മെയ് ഒന്ന് . ഭരണഘടനാ പരമായ പ്രാധാന്യം കൊണ്ടും കൂടാതെ സമ്മർ തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള അവധി ദിവസങ്ങളെന്നതിനാലും അഭൂതപൂർവമായ തിരക്കായിരിക്കും ഈ നാല് ദിവസങ്ങളിൽ .



വീതി കൂടിയ പാതയിൽ ഒരു ലൈനിൽ കൂടി ഇലക്ട്രിക്ക് ബസ്സുകൾ മാത്രമാണ് സഞ്ചാരം . ഇലക്ട്രിക്ക് ട്രെയ്‌നിന്റെത് പോലെ ബസ്സിന്‌ യാത്ര ചെയ്യാനുള്ള പാതക്ക് മുകളിൽ കണക്ട് ചെയ്തിരിക്കുന്ന ലൈനിലൂടെ ഒരു കണക്ടറിലൂടെ ബസ്സിലേക്ക് ആവശ്യത്തിനുള്ള വൈദ്യുതി എത്തിച്ചിരിക്കുന്നു. ട്രാഫിക് നിയമങ്ങൾ അനുസരിച്ചു നിരനിരയായി നീങ്ങുന്ന വാഹനങ്ങൾ. സിഗ്നലുകളും, സീബ്രാ ലൈനുകളും , കാല്നടക്കാരെയും പരിഗണിച്ചുള്ള ഡ്രൈവിംഗ് സംസ്കാരം - ഇതെല്ലാമാണ് ചൈനയിലുടനീളമുള്ള യാത്രകളിൽ കാണാൻ കഴിഞ്ഞത്. ഡ്രൈവിംഗ് -ട്രാഫിക് സംസ്കാരത്തിൽ ചൈനയോളമെത്താൻ ഇന്ത്യയിലിനിയും എത്ര വർഷങ്ങൾ വേണ്ടിവരുമെന്ന് നെടുവീർപ്പോടെ ഞാൻ ഓർത്തു. യൂറോപ്യൻ , അമേരിക്കൻ , അറബ് നാടുകളിൽ ഇതൊരു വാർത്തയല്ല - പക്ഷെ , ആവശ്യത്തിനും അനാവശ്യത്തിനും ജനസംഘ്യയെ പഴി ചാരുന്ന നമ്മൾക്ക് , ചൈനയോളം വലിയ ഉദാഹരണമില്ല . ജനസംഘ്യകൊണ്ടും സ്റ്റാറ്റസ് കൊണ്ടും മുംബൈ ഷാങ്ഹായിയുമായി താരതമ്യം ചെയ്യാമെങ്കിൽ , നമ്മളവിടെ എത്തണമെങ്കിൽ ഇന്നത്തെ നിലയിൽ വർഷങ്ങൾ കുറെ മുൻപോട്ടു മുൻപോട്ട് സഞ്ചരിക്കണം- അതൊരു ജനതയുടെ ജീവിത രീതിയുടെയും, നിയമ പരിപാലനത്തിന്റെയും സ്വയം സേവനത്തിന്റെ ഉദാഹരണങ്ങളാണ്.


റോഡിൻറെ ഇരുവശങ്ങളിലും തലയുയർത്തി നിൽക്കുന്ന ചൈനീസ് സംസ്‌കൃതിയുടെ തനിമ വിളിച്ചോതുന്ന കെട്ടിടങ്ങളും, കാഴ്ചകളും കണ്ടു നടന്ന ഞാൻ മൂന്നു കിലോമീറ്ററുകളോളം പിന്നിട്ടു യുവാൻ ഗാർഡനിൽ എത്തി. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. പുതിയ കാഴ്ചകൾക്കായി യുവാൻ ഗാർഡന്റെ പ്രവേശന കവാടത്തിലൂടെ ഞാൻ അകത്തേക്ക് കടന്നു.


(to be continued)

0 comments
bottom of page