top of page
  • Writer's pictureSunil titto

പട്ടിയെ തിന്നുന്ന പുലികൾ - ജവായിയിലെ കഥകൾ

ഔദ്യോഗിക സംരക്ഷിത വനപ്രേദേശമല്ലാതെ, മനുഷ്യരും മൃഗങ്ങളും തുല്യാവകാശം പങ്കുവെക്കുന്ന അത്യപൂർവ പ്രതിഭാസമാണ് ജവായ് ഡാമിന്റെ പരിസര പ്രേദേശത്തുള്ള ഗ്രാമങ്ങൾ. .



രാജസ്ഥാനിലെ പാലി ജില്ലയിൽപെട്ട ജവായ് ഡാമും ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളും മുഖ്യധാരയുടെ ശ്രദ്ധയിൽ അധികമൊന്നും ആകര്ഷിക്കപെടാതെ , പ്രകൃതിയൊരുക്കിയ മനോഹര പ്രദേശം , വന്യജീവി പ്രേമികളുടെയും ,പക്ഷിനിരീക്ഷകരുടെയും പറുദീസ തന്നെയാണിവിടം . ആരവല്ലി മലനിരകളുടെ ഭാഗമായ ജവായ് ഡാമിന്റെ ചുറ്റുവട്ടത്തുമുള്ള ഇരുപത്തഞ്ചു ചതുരശ്ര കിലോമീറ്ററുകളോളം വരുന്ന ഗ്രാമപ്രേദേശങ്ങളിൽ അറുപതിലധികം പുള്ളിപുലികൾ, മനുഷ്യരോടൊന്നിച്ചു പ്രകൃതി പങ്കിടുന്ന വന്യ ജീവി സംരക്ഷണത്തിന്റെ പകരം വെക്കാനില്ലാത്ത മാതൃകയാണ് . ഗ്രാനൈറ്റ് ശിലകളാൽ സമൃദ്ധമായ, പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ കുന്നുകൾ, പുള്ളിപുലികൾ, ഹയാന, കരടി തുടങ്ങിയ ജീവികൾക്ക് പ്രകൃതിയൊരുക്കിയ മനോഹരമായ വാസസ്ഥലങ്ങളാണ്. മാൻ ആനിമൽ കോൺഫ്ലിക്റിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ ഇവരെല്ലാം സഹവർത്തിത്വത്തിൽ ഭൂമി പങ്കിട്ടെടുക്കുന്നു.



ഇത്രയധികം മാംസ ഭോജി സാന്ദ്രതയുളള പ്രദേശത്ത്, അതിനനുസരിച്ചുള്ള ഇരകളുടെ എണ്ണം ഉണ്ടാകേണ്ടതുണ്ടല്ലോ. ഈ ചോദ്യമാണ് ഈ ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ ആദ്യം മനസ്സിൽ തോന്നിയത്. ലംഗൂർ, നീൽഗായ്, ചിങ്കാര, മുയലുകൾ, മുള്ളൻ പന്നി തുടങ്ങിയവ ഉണ്ടെങ്കിലും, ഇത്രയധികം പുലികളുടെ സാന്ദ്രതക്കനുസരിച്ചുള്ള എണ്ണം ഉണ്ടാവാൻ സാധ്യത കുറവാണ്. കാരണം, ഹരിതാഭ കൊണ്ട് സമ്പുഷ്ടമായ ഒരു ഭൂപ്രദേശമല്ല ഇവിടം. ഉത്തരം ഗ്രാമവാസികൾ തന്നെ പറഞ്ഞു തന്നു - തെരുവ് നായ്ക്കൾ : പുള്ളിപുലികൾക്ക് വളരെ പ്രിയമാണത്രെ ഈ പ്രദേശങ്ങളിൽ. അപൂർവങ്ങളയി കാലികളെയും ഇവ ഇരകളാക്കാറുണ്ട് ; എങ്കിലും ഗ്രാമവാസികൾ ഇവരെ അതിന്റെ പേരിൽ ശിക്ഷികാറില്ല. അത് തന്നെയാണ് ഈ സഹവർത്തിത്വത്തിന്റെ മൂലകാരണവും. മനുഷ്യരെ പുലികൾ ഇവിടെ ആക്രമിച്ച ചരിത്രം ആർക്കും കേട്ടുകേൾവിപോലുമില്ല. ഈ മലനിരകളില്ലാമുള്ള കൊച്ചു കൊച്ചമ്പലങ്ങളിൽ, പുലികളുടെ ശിലാസൃഷ്ടികളും, വിശ്വാസങ്ങളും അവരുടെ സംരക്ഷണത്തിന് മുതല്കൂട്ടാകുന്നു.



പൂനെയിൽ നിന്നും ചിത്കുൽ വരെയും തിരിച്ചുമുള്ള അയ്യായിരം കിലോമീറ്റര് ഡ്രൈവിംഗ് ട്രിപ്പിൽ, ഈ യാത്ര കൂടി ഉൾപ്പെടുത്തുകയുണ്ടായി. ചിത്കുൽ -ആഗ്ര- കിഷൻഗഢ് -വഴി ബീവർ വെച്‌ , നാഷണൽ ഹൈവേ 162 കയറി- പാലി ബൈപാസ് പിന്നിട്ട് സുമെർപുർ എത്തിയതിനു ശേഷം സുമെർപുർ നഗരത്തിലൂടെ , ഈ ഗ്രാമ പ്രദേശങ്ങളിൽ എത്തി ചേരാം. സുമെർപൂർ കഴിഞ്ഞാൽ പിന്നെ മിക്കവാറും വഴികളെല്ലാം മൺപാതകളായി തീരുന്നു. ജവായ് ഡാമും , ചുറ്റുമുള്ള പാറ നിറഞ്ഞ ആരവല്ലി മല നിരകളും , കുറ്റിച്ചെടികൾ നിറഞ്ഞ പൊടിമൺ പ്രദേശങ്ങളും കൂടിയ ട്രോപ്പിക്കൽ ഡ്രൈ വന പ്രേദേശങ്ങളിലൂടെയുള്ള യാത്രയായി പിന്നെ. ഇതൊരു സംരക്ഷിത വന മേഖലയല്ല. ആരവല്ലി , കുംഭൽഗഡ്‌ വന മേഖലകളോട് അത്ര അടുത്തല്ലാതെ ചേർന്ന് കിടക്കുന്ന, പ്രദേശങ്ങളാണിവിടം.


പുള്ളി പുലികളെ തേടിയുള്ള സഫാരി യാത്ര തന്നെ ഓഫ് റോഡ് അനുഭവം ആണ് . ചെങ്കുത്തായ പാറ കുന്നുകളിലേക്ക്, 4 * 4 ജിപ്സിയിലുള്ള യാത്ര സാഹസികം തന്നെയാണ് . എന്റെ രണ്ടു സഫാരി യാത്രകളിലായി, മൂന്നു പുള്ളിപുലികൾ ,രണ്ടു കഴുതപുലികൾ, ചിങ്കാര , നീൽ ഗായ്, മുതലകൾ തുടങ്ങിയവയുടെ ദർശന ഭാഗ്യം ഉണ്ടായി.

രണ്ടാം ദിവസം തനതു പുള്ളിപ്പുലി സഫാരി ഉപേക്ഷിച്ച് ഉടമസ്ഥനായ പുഷ്‌പേന്ദ്രയോടൊപ്പം , ഗ്രാമ പ്രേദശങ്ങളിൽ നിന്നും ദൂരെ മാറിയുള്ള കാടുകളിലൂടെയുള്ള സന്ദർശത്തിൽ, തികച്ചും അപ്രതീക്ഷിതമായി രണ്ടു കഴുതപ്പുലികൾ , കുറുക്കനെ വേട്ടയാടി ഓടിക്കുന്നത് കാണുകയുണ്ടായി . മുപ്പത് സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ആ അപൂർവ അനുഭവം, ക്യാമറാ ക്ലിക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായില്ല.


ജവായ് ഡാമും പരിസര പ്രേദേശങ്ങളും ദേശാടന പക്ഷികളുടെ സ്വർഗ്ഗമാണ്. സൈബീരിയൻ കൊക്കുകളടക്കമുള്ള നൂറു കണക്കിന് പക്ഷികൾ ഇവിടെ സുലഭമായി കാണാൻ കഴിയും. ജവായ് ഡാം ക്രോക്കൊഡൈൽ സന്കച്വറിയിൽ ധാരാളം മുതലകളും ഉണ്ട്.

ജവായ് ഡാമിനോട് അടുത്തുള്ള പ്രദേശങ്ങളിൽ താമസ സൗകര്യങ്ങൾ വളരെ പരിമിതവും ചെലവേറിയതും ആണ് . പതിനായിരം രൂപയിൽ തുടങ്ങി നാല്പതിനായിരം രൂപ വരെ ചെലവ് വരുന്ന റിസോർട്ടുകളും, ക്യാമ്പുകളും. താമസം കൂടാതെ സഫാരിയും, മുഴുവൻ ഭക്ഷണവും അടങ്ങുന്ന പേക്കേജുകളാണ് മിക്കവാറും. ഭക്ഷണത്തിനോ മറ്റു സൗകര്യങ്ങളോ ഉള്ള സ്ഥാപനങ്ങൾ തുലോം കുറവാണ് ഈ പ്രേദേശങ്ങളിൽ .

വരവൽ ഗ്രാമത്തിലെ, വരവൽ ലെപ്പേർഡ് ക്യാമ്പ് എന്ന സ്വിസ്സ് റ്റെൻറ് താമസമാണ് ഞാൻ ബുക്ക് ചെയ്തിരുന്നത്. ഉടമസ്ഥനായ പുഷ്‌പേന്ദ്ര, വന്യജീവികളും, പ്രകൃതിയിലും അത്യധികം താല്പര്യവാനും ശ്രേദ്ധാലുവുമാണ്. അവരുടെ വീടിനോടു ചേർന്നുള്ള കൃഷി സ്ഥലങ്ങളിൽ തന്നെയാണ് ടെന്റുകളും. വളരെ നല്ല , പ്രകൃതിയോടിണങ്ങിയ താമസ സ്ഥലം. പ്രകൃതി രമണീയമായ പ്രേദേശം


.

ഒറ്റക്കോ , ചെലവ് കുറഞ്ഞ യാത്രയോ പ്ലാൻ ചെയ്യുന്നവർക്ക്, അടുത്തുള്ള സുമെർപുർ ടൗണിൽ താമസ സൗകര്യം ലഭ്യമാണ് . 1000 -3000 രൂപ റേഞ്ചിൽ ഹോട്ടലുകൾ ലഭ്യമാണിവിടെ . സുമേർപൂർ ഏകദേശം 20 കിലോമീറ്ററുകളോളം ദൂരമുണ്ട് . സ്വന്തമായി വാഹന സൗകര്യമില്ലെങ്കിൽ, ജവായ് പരിസര പ്രേദേശങ്ങളിൽ എത്തിച്ചേരുക ദുഷ്കരമാണ്. സഫാരി മാത്രമായി നടത്തുന്ന ചില സ്ഥാപനങ്ങളും ഉണ്ട്. ഷെയർ ചെയ്‌താൽ ഒരാൾക്ക് 1000 രൂപയും മുഴുവനായി വാടകക്കെടുത്താൽ 5000 മുതൽ 7000 രൂപ വരെയും ആകും. സുമീർപൂരിൽ നിന്നു പിക്ക്-അപ്പ് ഡ്രോപ്പ് ഇവർ ചെയ്തു തരും . ഏകദേശം ആയിരം രൂപ ആണ് ചാർജ് .


സ്വന്തം വാഹനത്തിൽ പോയി സഫാരി നടത്തുക സാധ്യമല്ല ഇവിടെ ., ഇരുപത്തഞ്ചു കിലോമീറ്ററുകളിൽ തലങ്ങും വിലങ്ങുമുള്ള കുഞ്ഞു വഴികളിൽ വന്യജീവി സാന്നിധ്യം, ആ പ്രേദേശത്തെ അറിയുന്നവർക്ക് മാത്രമേ പറ്റൂ .. പാറക്കെട്ടുകളിലേക്കുള്ള യാത്ര, സ്വന്തം വാഹനത്തിൽ വളരെ ദുഷ്കരമാണ്

0 comments
bottom of page