Sunil titto
കൊളുക്കുമലയിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ
ഒരു മുഴുവൻ ദിവസം ഉപയോഗിച്ച് കൊച്ചിയിൽ നിന്നും നീലക്കുറിഞ്ഞി കാണാൻ കൊളുക്കുമല പോയി തിരിച്ചു കൊച്ചിയിൽ , 2018 സെപ്റ്റംബർ അവസാനവാരം ആനവണ്ടിയിൽ പോയി വന്നതിന്റെ വിവരണമായാണിത്

വട്ടവടയിലും കൊളുക്കുമലയിലും നീല കുറിഞ്ഞി നന്നായി പൂത്തു തുടങ്ങി എന്ന വിവരം കിട്ടിയതനുസ്സരിച്ചു , ഒരുദിവസത്തെ "നീല കുറിഞ്ഞി
എക്സ്ക്ലുസിവ് സന്ദർശനം" നടത്താം എന്ന് മനസ്സിൽ തീരുമാനിച്ചാണ് ഔദ്യോദിഗ്‍ക ആവശ്യത്തിനായി കൊച്ചിയിൽ വന്നത്.
പണിയൊക്കെ തീർത്തു ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്തു. അങ്ങിനെ രാവിലെ നാല് മണിക്കു കൊച്ചിയിൽ നിന്നും പുറപ്പെടുന്ന കോവിലൂര് ഫാസ്റ്റ് പാസഞ്ചർ ആനവണ്ടിക്ക് കയറി.

നേര്യമംഗലം- അടിമാലി റൂട്ടിൽ റോഡ് പണി നടക്കുന്നതിനാൽ , വണ്ടികളൊക്കെ പൈനാവ് റോയ്ഡ് വഴി അടിമാലിയിലേക്കു തിരിച്ചു വിട്ടതിനാൽ, മൂന്നാറിൽ എത്താൻ ഉദ്ദേശിച്ചതിലും ഒരു മണിക്കൂർ കൂടുതൽ എടുത്തു.
പ്രളയം എത്ര ഭീകരമായിരുന്നു എന്നതിന്റെ നേര്കാഴ്ചകളായി ഇരുപതിൽ അധികം സ്ഥലത്തു ഉരുൾപൊട്ടിയതിന്റെ ബാക്കിപത്രങ്ങൾ വഴികളിൽ കണ്ടു. കുറച്ചു ദിവസങ്ങളായി മഴപെയ്തതിനാൽ പെരിയാർ കലങ്ങി ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച , നിറഞ്ഞു കിടക്കുന്ന ലോവർ പെരിയാർ, കല്ലാർകുട്ടി ഡാമുകൾ... അങ്ങിനെ രാവിലെ 9.15 നു , കോവിലൂര് വണ്ടി മൂന്നാറിൽ എത്തി.
നീല കുറിഞ്ഞി പൂത്തത് കാണുക എന്നത് കൂടാതെ, പലതവണ മാറ്റി വെച്ച , തേയില പ്ലാന്റേഷൻ സന്ദർശനവും,കൊളുക്കുമലയിലേക്കുള്ള യാത്രയ്ക്ക് കാരണമായി

മൂന്നാറിൽ നിന്ന് സൂര്യനെല്ലിയിലേക്ക് ,മുപ്പതു കിലോമീറ്റര് ദൂരം ആണ് . പലസ്ഥലത്തും റോഡ് പണി നടന്നുകൊണ്ടിരിക്കുന്നു . ഒരു മണിക്കൂർ കൊണ്ട് സൂര്യനെല്ലിയിലെ എത്താം.
സൂര്യനെല്ലി - കൊളുക്കുമല ദൂരം 12 കിലോമീറ്റര് ആണ് ; പക്ഷെ യാത്ര ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും. വൻ കല്ലുകൾ നിറഞ്ഞ ചെറിയ വഴി ആണ് . ഹാരിസൺ ടീ പ്ലന്റഷഷൻസ് മനോഹാരിത ആസ്വദിച്ചു 12 മണി ആയപ്പോൾ മുകളിൽ എത്തി. കൊളുക്കുമല എസ്റ്റേറ്റ് തമിഴ്നാട് സ്റ്റേറ്റിൽ ആണ്. അതി സുന്ദരമായ കാഴ്ച്ചയാണ് മുകളിൽ നിന്നുള്ളതെന്നു , കണ്ടിട്ടുള്ള പല ഫോട്ടോകളിൽ നിന്നും മനസ്സിലാക്കിയിരുന്നു . നിർഭാഗ്യവശാൽ കോട മൂടി കിടന്നിരുന്നതിനാൽ ആ കാഴ്ചഭാഗ്യം ഞങ്ങൾക്കുണ്ടായില്ല.

ടീ പ്ലന്റഷന് സന്ദർശനവും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തോട്ടത്തിലെ ചായയും കുടിച്ചു , കുറിഞ്ഞി പൂത്തതു കാണാൻ മലയുടെ മുകളിലേക്ക് നടന്നു കയറണം.
ഒരു ഭാഗം മുഴുവൻ കുറിഞ്ഞി പൂത്തു നീല നിറഞ്ഞു നിൽക്കുകയാണ് . കോട മഞ്ഞു കാരണം ദൂര കാഴ്ച നഷ്ടമായെങ്കിലും, പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന പ്രതിഭാസത്തെ കൊളുക്കുമലയുടെ മുകളിൽ വെച്ച് കാണുന്ന അനുഭവം, പ്രകൃതിസ്നേഹികളുടെ മനം കുളിർപ്പിക്കും തീർച്ച .
തിരിച്ചു വരുന്ന വഴിക്ക് സിംഹ പാറയും കണ്ടു നാല് മണിക്ക് സൂര്യനെല്ലയിൽ എത്തി. മൂന്നാറിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയപ്പോൾ രാത്രി 11 മണി. അങ്ങിനെ ഒരു ദിവസം കൊണ്ട് നീല കുറിഞ്ഞി പൂത്തതും കണ്ടു മനസ് നിറഞ്ഞു തിരിച്ചു മലയിറങ്ങി .
പൂത്ത കുറിഞ്ഞികൾ ,കഴിഞ്ഞ വര്ഷം , നവംബർ മാസത്തോടെ വീണ്ടും നിദ്രയിലേക്കിറങ്ങി . ഇനിയൊരു കുറിഞ്ഞി പൂക്കാലത്തിനു പന്ത്രണ്ടു വര്ഷം കാക്കണം. ഉത്തരവാദിത്വമുള്ള സന്ദർശകനായി , നിയമങ്ങൾ പാലിച്ചു , മാലിന്യങ്ങൾ തള്ളി നിറക്കാതെ , പ്രകൃതി നമുക്കൊരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന് ഇനിയും കാണാനുള്ള അവസരമുണ്ടായാൽ , തീർച്ചയായും പോകണം