Sunil titto
കാറ്റിന്റെ ചൂളംവിളികളിൽ ഉറിതൂക്കി മല

കോഴിക്കോടിന്റെ പശ്ചിമ ഘട്ട മനോഹാരിതയിൽ നാട് കാടിലെക്കലിഞ്ഞു നിബിഢ വനമാകുന്ന ഉയരങ്ങളിലേ കൺ കുളിർപ്പിക്കുന്ന കാഴ്ചകളാണ് കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മലയിൽ നിന്നുള്ള വിശേഷങ്ങൾ.
മഴയൊഴിഞ്ഞു പച്ച വിരിച്ചു നിൽക്കുന്ന ഡിസംബറിന്റെ ചെറു കുളിരുള്ള പ്രഭാതസവാരി കൊണ്ട് ചെന്നെത്തിച്ചത് കരിങ്ങാടിലെ കാഴ്ചകളിലേക്കാണ് . പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം മുഴുവനാവഹിച്ച ഈ മല നിരകൾ നൽകുന്ന ദൃശ്യഭംഗി വാക്കുകൾക്കതീതമാണ് . കിഴക്കേക്കു നീളും തോറും വയനാടൻ മലനിരകളിക്കു ചേരുന്ന ഈ പ്രദേശങ്ങൾ , വയനാടോളം തന്നെ സുന്ദരമാണ് .

മലനിരകളിലെ സൂര്യോദയത്തിനും , അസ്തമനത്തിനും വത്യസ്ത വർണങ്ങളും ഭംഗിയുമാണ്. പ്രഭാതത്തിലെ കോടമഞ്ഞിലരിച്ചിറങ്ങുന്ന മേഘ ചിറകുകളിലൂടെ സൂര്യൻ, ഭൂമിയിലെ വർണ കാഴ്ചകളിലേക്ക് നിറങ്ങൾ വാരി വിതറുന്ന മനോഹാരിത , മീശപുളിമലയിൽ മാത്രമല്ല, പശ്ചിമ ഘട്ടത്തിന്റെ ഉയരങ്ങളിലേ പൊതു കാഴ്ചയാണ് . ആ ഒരു ചിത്രം സൂര്യോദയത്തോടൊത്തു കാണാൻ വേണ്ടിയാണ് അതിരാവിലെ തന്നെ കരിങ്ങാടേക്ക് പുറപ്പെട്ടത്.

കരിങ്ങാട് പ്രദേശത്തെ ഉയരം കൂടിയ രണ്ടു മലകളാണ് കൊരണപ്പാറയും ഉറിതൂക്കി മലയും. ആദ്യമായി പോകുന്ന സംശയം കൊണ്ട് ലക്‌ഷ്യം കൊരണപ്പാറയായിരുന്നെങ്കിലും എത്തി ചേർന്നത് ഉറിതൂക്കി മലയിലാണ് .
ഉറിതൂക്കി മലയുടെ വ്യൂ പോയിന്റിന്റെ 200 മീറ്റർ ദൂരം വരെ വാഹനങ്ങൾ പോകുമെങ്കിലും റോഡ് പണി നടക്കുന്നതിനാൽ പ്രധാന പാതയിൽ നിന്നും മൂന്നു കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. പോകുന്ന വഴികളിലെ ഒന്നോ രണ്ടോ വീടുകളും ഒരു കോഴി വളർത്തു കേന്ദ്രവും ഒഴിച്ചാൽ മനുഷ്യ വാസം ഒട്ടും ഇല്ല എന്ന് തന്നെ പറയാം . ഈ പ്രദേശത്തിന്റെ സവിശേഷത നവംബർ - ഡിസംബർ മാസങ്ങളിൽ ചൂളം കുത്തിവീശുന്ന കാറ്റാണ്. ശക്തമായ കാറ്റിന്റെ അകമ്പടിയിൽ , എതിർ വശത്തു തലയുയർത്തി നിൽക്കുന്ന കൊരണപ്പാറയുടെ കാഴ്ചയും, കൃഷിയിടങ്ങളും അരുവിയും, ആനയെയും പന്നിയെയും അകറ്റാൻ കെട്ടിയ വൈദ്യുത കമ്പിവേലികളുമെല്ലാം പിന്നിട്ടു കയറ്റിറക്കങ്ങളിലൂടെ നടന്നാൽ , വലിയ ഒരു ഗേറ്റിനു മുൻപിൽ വഴി അവസാനിക്കുകയാണ് . അരികു ചേർന്ന് കുറച്ചു താഴേക്കിറങ്ങി മലയോരത്തു , ഇടതൂർന്ന പുൽപ്പടർപ്പിലൂടെയും പാറക്കൂട്ടങ്ങളുടെയുമുള്ള നടത്തം കാഴ്ചയുടെ വിസ്മയം തുറക്കുന്ന വ്യൂ പോയിന്റിൽ അവസാനിക്കുന്നു.

. ഒരു ഭാഗത്തു ചെങ്കുത്തായ മലയടിവാരവും കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ച പ്രകൃതിയുടെ ദൃശ്യവിരുന്നുമാണ് പിന്നെ. കാറ്റിന്റെ പ്രവേഗം ഇവിടെ പാരതമ്യതയിലെത്തുന്നു .നിന്ന നിൽപ്പിൽ നമ്മളെ പാറി കൊണ്ടുപോകുമോ എന്ന് തോന്നുമാറുള്ള കാറ്റ് .. കാറ്റിന്റെ ചൂളം വിളി അതിന്റെ ഉച്ചസ്ഥായിയിൽ ഇവിടെ ആസ്വദിക്കാം. രാമക്കൽമേടിന്റെതിനു സമാനമായ കാറ്റ് . വിദൂര കാഴ്ചകളുടെ സൗന്ദര്യത്തിനു കുറവൊട്ടുമില്ലെങ്കിലും മലയുടെ പടിഞ്ഞാറ് ചേർന്നുള്ള പ്രദേശമായതിനാൽ , അസ്തമന സൂര്യനായിരിക്കും കൂടുതൽ ഭംഗി.
കുറ്റിയാടി നിന്നും തൊട്ടിൽപ്പാലം വഴിയും, വടകര- കക്കട്ട് വഴി , കൈവലി കൂടിയും കരിങ്ങാട് എത്തി ചേരാൻ കഴിയും