Sunil titto
രാജ്മാച്ചി - ചരിത്രമുറങ്ങുന്ന മലനിരകൾ

രാജ്മാച്ചി - ചരിത്രമുറങ്ങുന്ന മലനിരകൾ അവയിലുയർന്നു നിൽക്കുന്ന കോട്ട കൊത്തളങ്ങൾ. സഹ്യാദ്രിയുടെ മടിത്തട്ടിലെ പ്രകൃതി സൗന്ദര്യത്തിന്റെ നിറച്ചാർത്തു പകർത്തുന്നയിടം. കാട്ടിനുള്ളിലെ ഗ്രാമത്തിൽ താമസിച് മ
ലനിരകളിലേക്കു ട്രെക്ക് ചെയ്തു ഉദയാസ്തമനങ്ങളുടെ വര്ണവൈവിധ്യങ്ങൾ കണ്ടു ചരിത്രത്തിന്റെ അവശേഷിപ്പുകളിലൂടെയുള്ള ഒരു യാത്രയുടെ വിവരണമാണിത്.
ചരിത്രം
മുംബൈക്കും പുനെക്കും ഇടയിലായി വളരെ പ്രധാനപ്പെട്ട വാണിജ്യ പാതയിലെ ഏറ്റവും ഉയരം കൂടിയ ബോർ മല നിലകളിലാണ് രാജ്മാച്ചി ഫോർട്ട് നില കൊള്ളുന്നത്. ശ്രീവർദ്ധൻ, മനോരഞ്ജൻ എന്നീ രണ്ടു ഫോർട്ടുകൾ, തൊട്ടടുത്തുള്ള രണ്ടു മലകളുടെ ഏറ്റവും മുകളിലായി നിർമിച്ചിരിക്കുന്നു
ശതവാഹനന്മാരുടെ കാലത്ത് ഉണ്ടാക്കിതുടങ്ങിയ ഈ കോട്ടയെ പൂർണമായും പടുത്തുയർത്തിയതും ഉപയോഗിച്ചതും 1657ൽ ശിവാജിയുടെ കാലഘട്ടത്തിലാണ് . 1704ൽ ഔറംഗാസിബ് ഈ കോട്ട പിടിച്ചെടുത്തെങ്കിലും അടുത്ത വര്ഷം തന്നെ മാറാത്ത രാജാവായ ഷാനു നിയന്ത്രണം തിരിച്ചു പിടിച്ചു,
1818 വരെ മാറാത്ത രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ കോട്ട , ബ്രിട്ടീഷുകാരിലേക്കും പിന്നീട് ഇന്ത്യൻ ഗവൺമെന്റിലേക്കും വന്നു ചേർന്നു

350ൽ അധികം ഫോർട്ടുകളുള്ള മഹാരാഷ്ട്രയിൽ, ഒരു ട്രെക്കിലുടെ എത്തി ചേരാൻ പറ്റുന്ന കോട്ട ആണ് രാജ്മാച്ചി. രണ്ടു ട്രെക്കിങ്ങ് പാതകളാണുള്ളത് . ലോണാവാലയിൽ നിന്നും , 16 കിലോമീറ്ററുകൾക്കപ്പുറത്തു കാടിനകത്തായുള്ള ഉദ്ധെവാടി എന്ന ഗ്രാമത്തിൽ നിന്നും ഏകദേശം 45 മിനുട്ടിൽ മുകളിലെത്താവുന്ന താരതമ്യേന പ്രയാസം കുറഞ്ഞ വഴി, പിന്നെ ബോംബയിൽ നിന്നും കർജാത് വഴി 3 മണിക്കൂറുകളോളമുള്ള ട്രെക്കിങിലൂടെ എത്തി ചേരാവുന്ന വഴിയും.
വൈകിട്ട് താമസിച്ചു പുറപ്പെട്ടതിനാൽ , എളുപ്പവഴിയാണ് ഇവിടെ എത്തി ചേരാനായി ഞാൻ തെരഞ്ഞെടുത്തത്. പുണെ- മുംബൈ പഴയ ഹൈവേ വഴി ലോണാവാല എത്തി ചേർന്ന് അവിടെനിന്നു പതിനഞ്ചു കിലോമീറ്ററുകളോളം കാട്ടിനകത്തു കൂടിയുള്ള മൺപാതയാണ്. ഒരു മണിക്കൂറിനു മുകളിൽ സമയമെടുക്കും ഉദ്ധെവാടി ഗ്രാമത്തിൽ എത്തി ചേരരാണ് ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞ ചെറു വാഹനങ്ങൾക്ക് എത്തിച്ചേരാൻ കുറച്ചു പ്രയാസമായിരിക്കും. ഉദ്ധെവാടി വരെയുള്ള ഈ യാത്രയിൽ എവിടെയും ഗ്രാമങ്ങളോ , മനുഷ്യവാസമോ ഇല്ല. ലോണാവാല എത്തിച്ചേർന്നു ഈ റോഡിലേക്ക് തിരിഞ്ഞപ്പോൾ വൈകിട്ട് ഏഴു മണി കഴിഞ്ഞിരുന്നു. പ്രശസ്തമായ ഡെല്ല അഡ്വെഞ്ചർ റിസോർട് വരെ ടാർ ചെയ്ത പാതയും മനുഷ്യ വാസവുമുണ്ട്. അതിനു ശേഷം കാട്ടിലൂടെയുള്ള കുറ്റാ കൂരിരുട്ടിൽ , വളരെ മോശം വഴിയിൽ കൂടിയുള്ള തനിച്ചുള്ള യാത്ര - വളരെ അപൂർവമായി രാജ്മാച്ചിയിൽ നിന്നും തിരിച്ചു വരുന്ന വാഹനങ്ങൾ. ആദ്യമായി ഈ പാതയിൽ, അതും തനിച്ചു യാത്ര ചെയ്യുന്നതിനാൽ , ഉള്ളിൽ ചെറിയ ഭയവും ( മനുഷ്യരെ പറ്റി ഓർത്തു മാത്രം - വല്ലവനും കഴുത്തിൽ കത്തി വെച്ച് കൊള്ള നടത്തിയാലോ എന്ന പേടി ) പേറി യാത്ര തുടർന്നു. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലൂടെ , കുണ്ടും കുഴിയും കയറ്റിറക്കങ്ങളും താണ്ടി കുറ്റാകൂരിരിരുട്ടിലൂടെ ഏകദേശം എട്ടുമണിയോടെ ഉദ്ധെവാടി ഗ്രാമത്തിന്റെ വെളിച്ചം കാണാറായ സ്ഥലത്തെത്തി.

മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ചെറിയ ഒരു ഗ്രാമമാണ് ഉദ്ധെവാടി.ഗ്രാമത്തിലുള്ള മിക്കവാറും പേരും കാലിവളർത്തലും , കൃഷിപ്പണിയും കൂടാതെ ഇപ്പോൾ ഹോം സ്റ്റേ പ്രധാന വരുമാനമായി സ്വീകരിച്ചിരിക്കുന്നു. മഴക്കാലത്തു, പച്ചപ്പിൽ നിറഞ്ഞ അതി സുന്ദരമായ കാഴ്ചകളുള്ള ഈ പ്രദേശം ട്രെക്കേഴ്സിന്റെ ഒരു പറുദീസയാണ് . ഗ്രാമവാസികളുടെ ആതിഥ്യം സ്വീകരിച്ചു , കാടിനോട് ചേർന്ന് അവർ ഒരുക്കി തരുന്ന ടെന്റിലോ അല്ലെങ്കിൽ വീടുകളിലോ താമസിക്കാം . ഞാൻ താമസിച്ച അജയ് എന്ന ആളുടെ ടെന്റ് താമസത്തിനു , ഡിന്നറും, ബ്രേക്ഫാസ്റ്റും അടക്കം 700 രൂപ മാത്രമാണ് ചാർജ് ചെയ്തത്. എട്ടു പേരടങ്ങുന്ന വേറൊരു ഗ്രൂപ്പ് ഇതേ ഹോം സ്റ്റേയിലെ ടെന്റുകളിൽ താമസിച്ചിരുന്നതിനാൽ ക്യാമ്പ് ഫയരൊക്കെ ഉണ്ടായിരുന്നു. നാടൻ ചിക്കൻ കറിയും , മഹാരാഷ്ട്രയുടെ തനതു വിഭവമായ അപ്പം പോലെ ഉള്ള ബാക്രിയും ഒക്കെയായിരുന്നു അത്താഴത്തിന്

സൂര്യോദയം താമസ്സിച്ചായതിനാൽ രാവിലെ 6.15 നു മുകളിലേക്കുള്ള കയറ്റം തുടങ്ങി. ഉയരം കൂടിയ ശ്രീവർധന ഫോർട്ട് ആയിരുന്നു ആദ്യ ലക്ഷ്യം. മലമുകളിലെ മനോഹരമായ സൂര്യോദയത്തിനായി ഏകദേശം 45 മിനുട്ടോളം ട്രെക്ക് ചെയ്യണം. താരതമ്യേന എളുപ്പം നിറഞ്ഞ ട്രെക്കിങ്ങാണ് ഇവിടെ. ഏഴു മണിയോടെ മുകളിലെത്തി. അതി മനോഹരമായ കാഴ്ചയും സൂര്യോദയവും. കോട്ടയുടെ ഫോർട്ടിഫിക്കേഷൻ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം തന്നെ ഇടയിലുണ്ടായ യുദ്ധങ്ങളിൽ തകർക്കപെട്ടിട്ടുണ്ട് . മുകളിൽ താമസിക്കുന്നവർക്കായി വെള്ളം ശേഖരിക്കാൻ ജലസംഭരണികളും ഉണ്ട്. മഹാരാഹട്രയിലെ എല്ലാ കൊട്ടകളിലെയും ഒരു പ്രത്യേകതയാണ് ഇത്തരം ജലസംഭരണികൾ. ചില അമ്പലങ്ങൾ, താമസ്മുറികൾ, ശിവലിംഗത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം പലഭാഗങ്ങളിലായി കാണാൻ കഴിഞ്ഞു.
ഒന്നര മണിക്കൂറോളം ശ്രീവർധൻ ഫോർട്ടിൻ്റെ മുകളിൽ ചെലവിട്ട ശേഷം അടുത്ത മലയിലായി കാണുന്ന മനോരഞ്ജൻ കോട്ട സന്ദർശിക്കാൻ തീരുമാനിച്ചു. കയറിയ ദൂരം ഏകദേശം മുഴുവനായി തന്നെ ഇറങ്ങി അടുത്ത മലയുടെ മുകളിലേക്ക് വീണ്ടും നടന്നു കയറണം. ഏകദേശം 45 മിനുട്ടോളം കൊണ്ട് മനോരഞ്ജൻ കോട്ടയുടെ മുകളിലും എത്തിചേർന്നു. സന്ദര്ശകരിലധികവും ശ്രീവർധൻ കോട്ട മാത്രം കണ്ടു മടങ്ങാറാണ് പതിവ്. അത് കൊണ്ട് തന്നെ ഒഴിവു ദിനമായിട്ടു പോലും മനോരഞ്ജൻ മലയുടെ മുകളിൽ ഞാനെത്തിയ സമയത്തു ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ള സുരക്ഷാ മതിലല്ലാതെ ബാക്കി ഏകദേശം എല്ലാം ഇവിടെ പൊളിക്ക പെട്ടിരിക്കുന്നു. അമ്പലത്തിന്റെ അവശിഷ്ടങ്ങളും, വെള്ളം ശേഖരിക്കുന്ന കുളങ്ങളും എല്ലാം ഇവിടെയുമുണ്ട്.
ഏകദേശം പത്തരയോടെ തിരിച്ചു താഴെ എത്തി. ബ്രേക്ഫാസ്റ്റും കഴിച്ചു , അടുത്ത പ്രേദേശങ്ങളിലെല്ലാം നടന്നു അതി മനോഹരമായ ട്രെക്കിങ്ങ് ഓർമകളുമായി തിരിച്ചു പുണെയിലേക്ക്.





